പൃഥ്വിരാജ്-അഞ്ജലി മേനോന്‍ സിനിമ റിലീസിങ്ങിനൊരുങ്ങി

168

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സംവിധായകയാണ് അഞ്ജലി മേനോന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പൃഥിരാജിനെ നായകനാക്കിയാണ് അഞ്ജലി മേനോന്‍ സിനിമയൊരുക്കുന്നത്. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരിടവേളയ്ക്കു ശേഷം നസ്രിയ ഫഹദും ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥിരാജിന്റെ അനിയത്തിയായാണ് നസ്രിയ എത്തുന്നത്. അഞ്ജലി മേനോന്‍-പൃഥ്വിരാജ്‌ ചിത്രം ജൂലായില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ ആറര കോടി രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൃഥിയ്ക്കും നസ്രിയയ്ക്കും പുറമെ നടി പാര്‍വതിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്താണ് പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛനായി വേഷമിടുന്നത്.

ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്‍,റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി വളരെധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Post your comments